അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാതെ ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമായൊരു ഇന്ത്യ.
ഇത് സ്വപ്‌നം കാണാന്‍ കൊള്ളാം. രാജ്യത്തിന്റെ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതിയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ ഇത് നടക്കും? എന്നാല്‍ ഈ സ്വപ്‌നം ഓരോ ഇന്ത്യക്കാരനും കാണാം. ഓയ്ല്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ വമ്പന്റെ പുതിയ ചുവടുവെപ്പുകള്‍ അതിലേക്കാണ്.
പ്രകൃതിവാതകം കണികാരൂപത്തില്‍ അടങ്ങിയിട്ടുള്ള, ജലം ഘനീഭവിച്ച് മഞ്ഞുകട്ട പോലെയുള്ള ഗ്യാസ് ഹൈഡ്രേറ്റുകളില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വാതകം വേര്‍തിരിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍ ഒഎന്‍ജിസി. ആന്ധ്രപ്രദേശ് തീരത്ത് ആഴക്കടലില്‍ ഗ്യാസ് ഹൈഡ്രേറ്റിന്റെ വന്‍ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. പ്രധാന വെല്ലുവിളി ഗ്യാസ് ഹൈഡ്രേറ്റില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വാതകം വേര്‍തിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലോകത്താരും വികസിപ്പിച്ചെടുത്തിട്ടില്ല എന്നതാണ്. ഇതിനുള്ള ഗവേഷണത്തില്‍ മുന്‍നിരയിലുള്ള ജപ്പാനും കാനഡയും അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകും എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.
ഒഎന്‍ജിസിയും ഈ ഗവേഷണത്തില്‍ മുഴുകുന്നുണ്ട്. അതില്‍ വിജയം കണ്ടാല്‍ ഇന്ത്യയുടെ തലവര തന്നെ മാറും.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്‍പ്പാദകരായ അമേരിക്കയുടെ ഗ്യാസ് റിസര്‍വിന്റെ മൂന്നിലൊരു ഭാഗം വലുപ്പമുള്ള ഗ്യാസ് ഹൈഡ്രേറ്റ് ശേഖരമാണ് ഇന്ത്യയിലേത്. വ്യാവസായിക അടിസ്ഥാനത്തില്‍ നമുക്കിത് വേര്‍തിരിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയും ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തരാകും.
ഒഎന്‍ജിസിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് അസാധ്യമായൊരു കാര്യമല്ല. എണ്ണ, പ്രകൃതിവാതക രംഗത്തെ പരിമിത വിഭവങ്ങളില്‍ നിന്ന് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിനു പിന്നില്‍ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ പങ്ക് നിര്‍ണായകമാണ്. 1970കളില്‍ ഓഫ്‌ഷോര്‍ പര്യവേഷണത്തിന് ഇറങ്ങിത്തിരിച്ച ഒഎന്‍ജിസിയുടെ നീക്കമാണ് ഇന്ത്യയുടെ എണ്ണ - പ്രകൃതിവാതക മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി വരച്ചത്. ഇന്ന് എണ്ണ, പ്രകൃതിവാതക പര്യവേഷണം, ഉല്‍പ്പാദനം എന്നീ രംഗങ്ങളില്‍ ലോകനിലവാരത്തിലുള്ള കമ്പനിയാണ് ഒഎന്‍ജിസി. ഇന്ത്യയെ ഈ രംഗങ്ങളില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയ ഒഎന്‍ജിസി രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയ്ല്‍, പ്രകൃതി വാതക കമ്പനിയാണ്. 'മഹാരത്‌ന' കമ്പനിയായ ഒഎന്‍ജിസിയാണ് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്നത്.
പര്യവേഷണ, ഉല്‍പ്പാദന രംഗത്ത് ലോകം ആദരിക്കുന്ന കമ്പനിയായി വളര്‍ന്നിരിക്കുന്ന ഒഎന്‍ജിസിയുടെ തൊപ്പിയില്‍ പൊന്‍തൂവലുകള്‍ നിരവധിയുണ്ട്.
- ഗ്ലോബല്‍ എനര്‍ജി മേജേഴ്‌സില്‍ (Platts) പതിനൊന്നാം സ്ഥാനത്തുള്ള പ്രകൃതി വാതക കമ്പനി.
- ഫോര്‍ച്യൂണില്‍ ‘Most Admired Energy Companies' പട്ടികയില്‍ ഇടം നേടിയ ഏക പൊതുമേഖലാ ഇന്ത്യന്‍ കമ്പനി.
- ഫോര്‍ബ്‌സ് ഗ്ലോബല്‍ 2000ത്തില്‍ 183ാം സ്ഥാനം.
- ഇതിനെല്ലാം പുറമേ ഏറ്റവും ഉയര്‍ന്ന ലാഭമുണ്ടാക്കുന്ന, ലാഭവിഹിതം വിതരണം ചെയ്യുന്ന മഹാരത്‌ന സ്റ്റാറ്റസുള്ള കമ്പനി കൂടിയാണ് ഒഎന്‍ജിസി.
2030ലേക്ക് പ്രതീക്ഷയോടെ
ഇന്ത്യയിലെ ഏക Fully integrated എണ്ണ, പ്രകൃതി വാതക കമ്പനിയായ ഒഎന്‍ജിസിയാണ് രാജ്യത്തെ ഏഴ് എണ്ണപ്പാടങ്ങളില്‍ ആറും കണ്ടെത്തിയത്. ഇന്ത്യയുടെ മൊത്തം റിഫൈനിംഗ് ശേഷിയുടെ പത്തിലൊന്നും ഒഎന്‍ജിസിയുടേതാണ്. ഓഫ്‌ഷോറിലും ഓണ്‍ഷോറിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നത്ര വൈദഗ്ധ്യമുള്ള ലോകത്തിലെ തന്നെ അതുല്യമായ സ്ഥാപനങ്ങളിലൊന്നായ ഒഎന്‍ജിസിക്കായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ന്യൂ എക്‌സ്‌പ്ലൊറേഷന്‍ പോളിസിയുടെ ഭാഗമായി നല്‍കിയ എക്‌സ്‌പ്ലൊറേഷന്‍ ലൈസന്‍സുകളില്‍ 50 ശതമാനത്തിലേറെ ലഭിച്ചത്. മൊത്തം അനുവദിച്ച 254 ബ്ലോക്കുകളില്‍ 121 എണ്ണവും കമ്പനിക്ക് ലഭിച്ചു.
വിദേശത്തും വെന്നിക്കൊടി
ഒഎന്‍ജിസിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസി വിദേശ്, രാജ്യത്തിന്റെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഓയ്ല്‍ ആന്‍ഡ് ഗ്യാസ് കമ്പനിയാണ്. ഒരിക്കല്‍ എണ്ണ, പ്രകൃതി വാതക പര്യവേഷണത്തിന് ലോക രാജ്യങ്ങളുടെ സഹായം തേടിയ, ബഹുരാഷ്ട്ര കമ്പനികളെ കൂട്ടുപിടിച്ച ഇന്ത്യ, ഒഎന്‍ജിസി വിദേശിലൂടെ 20 രാജ്യങ്ങളിലെ 41 പദ്ധതികളാണ് കൈകാര്യം ചെയ്യുന്നത്.
1965 മാര്‍ച്ച് അഞ്ചിന് ഇറാനിലെ എണ്ണപ്പാടങ്ങളില്‍ ഖനനത്തിനായി രൂപീകൃതമായ കമ്പനി 1989ലാണ് ഒഎന്‍ജിസി വിദേശ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടത്. ഒഎന്‍ജിസിയുടെ വൈദഗ്ധ്യം രാജ്യാന്തരതലത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടാന്‍ വേണ്ടിയാണ് ഈ കമ്പനി സ്ഥാപിച്ചതു തന്നെ. ഇന്ന് ലോകം അംഗീകരിക്കുന്ന കമ്പനിയായി വളര്‍ന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സംഭാവനയും ഇത് നല്‍കുന്നു.
ഒഎന്‍ജിസി എങ്ങനെ ഇത് സാധ്യമാക്കി?
ഇന്ത്യയ്ക്ക് ദാര്‍ശനിക നേതൃത്വം നല്‍കിയ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമാണ് ഒഎന്‍ജിസിയുടെ പിറവിയിലേക്ക് നയിച്ചത്. 1959ല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനോട് നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഇന്നും ഒഎന്‍ജിസിയുടെ കാര്യത്തില്‍ പ്രസക്തമാണ്. ''എണ്ണ പ്രകൃതിവാതക പര്യവേഷണത്തിനും ഉല്‍പ്പാദനത്തിനും ഇന്ത്യ സ്വന്തം മെഷിനറി സ്ഥാപിച്ചു എന്നു മാത്രമല്ല, ബുദ്ധിശാലികളായ നിരവധി യുവതീയുവാക്കളെ പരിശീലിപ്പിക്കാനും അവരെല്ലാം തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാനും ഇതിലൂടെ സാധിച്ചു.''
ആത്മാര്‍പ്പണമുള്ള 33,500 പ്രൊഫഷണലുകളാണ് ഒഎന്‍ജിസിയുടെ നട്ടെല്ല്. ഇവര്‍ ഒരേ മനസോടെ അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ മുന്നേറുന്നതാണ് രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടത്തിലേക്ക് നയിച്ച ഒരു ഘടകം.
എണ്ണ, പ്രകൃതി വാതക പര്യവേഷണ രംഗത്തെ സ്റ്റേറ്റ് ഓഫ് ദ് ആര്‍ട്ട് ഫസിലിറ്റിയാണ് കമ്പനിയുടെ സവിശേഷത. ലോകത്തിലെ തന്നെ ടോപ് 10 വെര്‍ച്വല്‍ റിയാല്‍റ്റി ഇന്റര്‍പ്രട്ടേഷന്‍ ഫസിലിറ്റികളില്‍ ഒന്നാണ് ഉപയോഗിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇആര്‍പി ഇംപ്ലിമെന്റേഷനുകളില്‍ ഒന്നാണ് ഒഎന്‍ജിസിയുടേത്. അതുപോലെ തന്നെ ട്രാന്‍സ്ഓഷ്യന്‍, ഷെല്‍, ബേക്കര്‍ ഹ്യുഗ്‌സ്, ഹാലി ബര്‍ട്ടണ്‍ പോലുള്ള വന്‍കിട കമ്പനികളുമായും പങ്കാളിത്തം പുലര്‍ത്തുന്നു.
മികവുറ്റ അടിസ്ഥാന സൗകര്യം
ഒഎന്‍ജിസിയെ സംബന്ധിച്ചിടത്തോളം 2016 - 17 സാമ്പത്തിക വര്‍ഷം തിളക്കമാര്‍ന്ന ഒരു അധ്യായമാണ് കുറിച്ചത്. ഏറ്റവും കൂടുതല്‍ എക്‌സ്‌പ്ലൊറേഷന്‍ ആക്റ്റിവിറ്റികള്‍ നടന്ന വര്‍ഷമാണിത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 23 പുതിയ ഡിസ്‌കവറികളാണ് നടത്തിയത്. ഇത് രാജ്യത്തിന്റെ എണ്ണ, പ്രകൃതിവാതക ഉല്‍പ്പാദക സാധ്യതയുള്ള ഫീല്‍ഡുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയ്ക്കും കാരണമായി.
ഇന്ത്യയിലെ മുന്‍നിര പെട്രോളിയം കമ്പനിയെന്ന നിലയില്‍ ഉല്‍പ്പാദന വര്‍ധനയ്ക്ക് ഒഎന്‍ജിസി നടത്തുന്ന നിരന്തര പ്രയത്‌നങ്ങള്‍ മികച്ച ഫലവും സമ്മാനിക്കുന്നുണ്ട്. ക്രൂഡ് ഓയ്‌ലിന്റെയും പ്രകൃതി വാതകത്തിന്റെയും ഉല്‍പ്പാദനത്തില്‍ 4-5 ശതമാനം വര്‍ധനയാണ് ഒഎന്‍ജിസിയുടെ ലക്ഷ്യം. ഇത്തരമൊരു വര്‍ധനയിലൂടെ 2030ഓടെ ഇന്ത്യയുടെ ഹൈഡ്രോകാര്‍ബണ്‍ ഉപഭോഗം നിലവിലെ 22 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി ഉയര്‍ത്താനും സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലെ മുന്‍നിര എണ്ണ ഉല്‍പ്പാദകരാണ് ഒഎന്‍ജിസിയെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വാതക മാര്‍ക്കറ്റിംഗ് കമ്പനി കൂടിയായിരുന്നു ഒഎന്‍ജിസി. പിന്നീട് ഈ വിഭാഗം, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഗെയ്‌ലിന് കൈമാറി.
നിലവില്‍ ഒഎന്‍ജിസിക്ക് 25,500 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ഇന്ത്യയിലുണ്ട്. സബ് സീ പൈപ്പുലൈനുകളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മറ്റൊരു കമ്പനിക്കും ഇതില്‍ പകുതി പോലും റൂട്ട് ദൈര്‍ഘ്യമില്ല.
ഭാവിയിലേക്ക് വന്‍ പദ്ധതികള്‍
Perspective Plan 2030 (PP2030) എന്ന ദര്‍ശന രേഖ മുന്നില്‍ വെച്ചാണ് ഒഎന്‍ജിസിയുടെ മുന്നേറ്റം. പ്രതിവര്‍ഷ വളര്‍ച്ച രണ്ടു ശതമാനത്തില്‍ നിന്ന് 4-5 ശതമാനമാക്കി ഉയര്‍ത്തുക എന്നതുതന്നെയാണ് ഇതില്‍ പ്രധാനം. ഒഎന്‍ജിസി വിദേശിന്റെ വലുപ്പം ആറു മടങ്ങ് വര്‍ധിപ്പിക്കാനും ഇതില്‍ വിഭാവനം ചെയ്യുന്നു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന് നല്‍കുന്ന ഊന്നലാണ് മറ്റൊരു സുപ്രധാന ഘടകം.
ഗ്യാസ് ഹൈഡ്രേറ്റ്‌സ്, കോള്‍ ബെഡ് മീഥൈന്‍, സൗരോര്‍ജം, വിന്‍ഡ് എനര്‍ജി, ഷെയ്ല്‍ ഗ്യാസ്, അണ്ടര്‍ ഗ്രൗണ്ട് കോള്‍ ഗ്യാസിഫിക്കേഷന്‍ എന്നിവയാണ് ഒഎന്‍ജിസിയുടെ പുതിയ ചുവടുവെപ്പുകള്‍.
രാജ്യത്തെ ഏഴ് ഐഐറ്റികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടുകൊണ്ടാണ് ഈ ഇന്ത്യന്‍ ഭീമന്‍ പുതിയ ടെക്‌നോളജികള്‍ ഉള്‍ച്ചേര്‍ക്കുന്നത്. ഇതിലൂടെ തികച്ചും ആഭ്യന്തരവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ അനുയോജ്യവുമായ സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ക്കാനും ഇവര്‍ക്ക് സാധിക്കുന്നു. ഇതോടൊപ്പം പാരമ്പര്യേത ഊര്‍ജ്ജ സ്രോതസുകളില്‍ സമഗ്രതലത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 'ഒഎന്‍ജിസി എനര്‍ജി സെന്റര്‍ ട്രസ്റ്റ്' എന്ന സെന്ററും രൂപീകരിച്ചിട്ടുണ്ട്. തെര്‍മോ കെമിക്കല്‍ റിയാക്റ്റര്‍ ഫോര്‍ ഹൈഡ്രജന്‍, ജിയോ ബയോ റിയാക്റ്റര്‍, ഫ്യുവല്‍ സെല്‍ എന്നീ മൂന്ന് പദ്ധതികള്‍ക്കാണ് ഈ സെന്റര്‍ ഊന്നല്‍ നല്‍കുന്നത്.
നിലവില്‍ ഗുജറാത്തില്‍ 50 മെഗാവാട്ടിന്റെ വിന്‍ഡ് ഫാം കമ്മിഷന്‍ ചെയ്തു കഴിഞ്ഞു. 100 മെഗാവാട്ടിന്റെ മറ്റൊന്ന് രാജസ്ഥാനില്‍ സ്ഥാപിച്ചുവരുന്നു. മൂന്ന് സോളാര്‍ തെര്‍മന്‍ എന്‍ജിനും സ്ഥാപിച്ചിട്ടുണ്ട്.
സമഗ്രം ഈ കാഴ്ചപ്പാട്
വാല്യു ചെയ്ന്‍ ഇന്റഗ്രേഷനില്‍ ഒഎന്‍ജിസി ഒരു ഉദാത്ത മാതൃകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും ആദിത്യ ബിര്‍ള ഗ്രൂപ്പും ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരികള്‍ സ്വന്തമാക്കി ആ കമ്പനിയെ ടേണ്‍ എറൗണ്ട് ചെയ്തത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ക്കിടയില്‍ തന്നെ വേറിട്ട വിജയകഥയാണ്. പര്യവേഷണവും ഉല്‍പ്പാദനവും മാത്രമല്ല സംസ്‌കരണ രംഗത്തും ഇതോടെ നിര്‍ണായക സാന്നിധ്യമായി കമ്പനി മാറി. ഹൈഡ്രോകാര്‍ബണ്‍ വാല്യു ചെയ്‌നിന്റെ എല്ലാ രംഗത്തും സാന്നിധ്യം ശക്തമാക്കി തന്നെയാണ് ഒഎന്‍ജിസി മുന്നോട്ടുപോകുന്നത്.
റെസ്‌പോണ്‍സിബ്ള്‍ ലീഡര്‍
സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്ന കാര്യത്തിലും ഒഎന്‍ജിസി മുന്നില്‍ തന്നെ. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിനിടയില്‍ പോസിറ്റീവും തൊട്ടറിയാന്‍ സാധിക്കുന്നതുമായ മാറ്റത്തിനാണ് സിഎസ്ആര്‍ പദ്ധതികളിലൂടെ കമ്പനി ശ്രമിക്കുന്നത്.
- വൊക്കേഷണല്‍ കോഴ്‌സുകള്‍ അടക്കം വിദ്യാഭ്യാസ രംഗം
- ഹെല്‍ത്ത് കെയര്‍
- എന്റര്‍പ്രണര്‍ഷിപ്പ് പരിപാടികള്‍ (സെല്‍ഫ് ഹെല്‍പ്പ് - ഉപജീവന മാര്‍ഗം കണ്ടെത്തല്‍)
- അടിസ്ഥാന സൗകര്യ രംഗത്ത് പിന്തുണ. റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ, കമ്പനിയുടെ പ്രവര്‍ത്തന മേഖലാ പരിധിയില്‍ നിര്‍മിക്കുന്നു.
- പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍
- ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം, യുനെസ്‌കോ അംഗീകൃത ചരിത്ര സ്മാരകങ്ങളുടെ പരിചരണം
- പൈതൃകം, സംസ്‌കാരം, കല എന്നിവ സംരക്ഷിക്കാന്‍ കരകൗശല വിദഗ്ധര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവരുടെ അഭിവൃദ്ധി ഉറപ്പാക്കല്‍
- സ്ത്രീ ശാക്തീകരണം, പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍
- ഗ്രൗണ്ട് വാട്ടര്‍ റീച്ചാര്‍ജ് പോലുള്ള വാട്ടര്‍ മാനേജ്‌മെന്റ് പദ്ധതികള്‍
- ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍
- സ്‌പോര്‍ട്‌സ് / കായിക താരങ്ങള്‍ എന്നിവരെ പിന്തുണയ്ക്കല്‍. അതുപോലെ തന്നെ സ്‌പോര്‍ട്‌സ് വ്യക്തിത്വങ്ങളെയും ഏജന്‍സികളെയും പിന്തുണയ്ക്കുന്നു.
- സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, ശില്‍പ്പശാലകള്‍ എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്നു.
ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും മൂല്യമേറിയ അസറ്റ് എന്ന് വിശ്വസിക്കുന്ന ഒഎന്‍ജിസി പ്രൊഫഷണലുകളെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനും പ്രത്യേക ഊന്നല്‍ നല്‍കുന്നു. പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ ഉല്‍പ്പാദനക്ഷമമായ വര്‍ഷങ്ങള്‍ സംഭാവന ചെയ്ത വിരമിച്ച ജീവനക്കാര്‍ക്കും സവിശേഷമായ പദ്ധതികളാണ് കമ്പനിയുടേത്.
എല്ലാ തലത്തിലും അനുകരണീയമായ മാതൃക സൃഷ്ടിച്ചാണ് ഒഎന്‍ജിസി മുന്നേറുന്നത്. ഇന്ത്യയുടെ അഭിമാനമായി. ഇന്ത്യയുടെ ഊര്‍ജദാതാവായി.